Leader Page
ചെറിയൊരു ഗൾഫ് രാജ്യത്തെ ലോകത്തിലെ ഏറ്റവും സമ്പന്നവും സ്വാധീനമുള്ളതുമായ രാജ്യങ്ങളിലൊന്നായി മാറ്റിയാണ് ഖത്തറിന്റെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി വിടവാങ്ങുന്നത്. 1995 മുതൽ 2013 വരെ നീണ്ട 18 വർഷക്കാലം ഖത്തറിന്റെ അമീറായിരുന്ന അദ്ദേഹം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടങ്ങൾക്ക് അടിത്തറയിട്ട നേതാവാണ്.
ആധുനിക ഖത്തറിന്റെ ശില്പി എന്നറിയപ്പെടുന്ന അദ്ദേഹം രാജ്യത്തെ പ്രകൃതിവാതകസമ്പത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും വിദ്യാഭ്യാസ, രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ നടപ്പാക്കുകയും ചെയ്തു. ഇക്കാലയളവിൽ രാജ്യത്തിന്റെ ജിഡിപി 24 മടങ്ങിലധികം വർധിച്ചു. ഖത്തറിനെ ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിക്കാരാക്കി മാറ്റിയതും ഇദ്ദേഹത്തിന്റെ ഭരണമികവിലാണ്.
ലോകത്തെ പല പ്രമുഖ ആഭ്യന്തര-പ്രാദേശിക തർക്കങ്ങളിലും മധ്യസ്ഥനായി പ്രവർത്തിക്കുന്ന ഖത്തറിന്റെ ഇന്നത്തെ നയതന്ത്ര സ്വാധീനത്തിനു പിന്നിൽ ഷെയ്ഖ് ഹമദിന്റെ ദീർഘവീക്ഷണമുള്ള ഭരണതന്ത്രങ്ങളായിരുന്നു. അറബ് വസന്തം പോലുള്ള ജനകീയ പ്രക്ഷോഭങ്ങളെ പിന്തുണച്ചും അദ്ദേഹം നിലപാടുകൾ വ്യക്തമാക്കിയിരുന്നു.
ഖത്തറിന്റെ ആദ്യ സ്ഥിരം ഭരണഘടന (2004), മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് വോട്ടവകാശവും മത്സരിക്കാനുള്ള അവകാശവും നൽകിയത് എന്നിവ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങളിൽ ചിലതാണ്. 2022ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം നേടിയെടുത്തത് അദ്ദേഹത്തിന്റെ ഭരണകാലത്തെ വലിയൊരു നേട്ടമാണ്.
1952 ജനുവരിയിൽ ദോഹയിൽ ജനിച്ച ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി, പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പ്രശസ്തമായ ബ്രിട്ടീഷ് റോയൽ മിലിട്ടറി അക്കാദമിയിൽ (സാൻഡ്ഹേഴ്സ്റ്റ്) നിന്ന് ബിരുദം നേടി. തുടർന്ന് ഖത്തർ സായുധസേനയിൽ ചേർന്ന അദ്ദേഹം മേജർ ജനറൽ പദവി സ്ഥാനവും വഹിച്ചു.
ഖത്തർ സായുധസേനയുടെ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ ഇക്കാലയളവിൽ നിർണായക പങ്കുവഹിച്ചു. 1977 മേയ് 31ന് കിരീടാവകാശിയായും പ്രതിരോധമന്ത്രിയായും നിയമിതനായി. 1989ൽ സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ചെയർമാനായും ചുമതലയേറ്റു. 1995 ജൂൺ 27ന് അധികാരമേറ്റ അദ്ദേഹം 2013 ജൂൺ 25ന് തന്റെ മകൻ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്ക് സമാധാനപരമായ രീതിയിൽ അധികാരം കൈമാറി. ഗൾഫ് മേഖലയിൽ അപൂർവമായ ഈ അധികാര കൈമാറ്റം ലോകശ്രദ്ധയാകർഷിച്ചിരുന്നു.
നിർണായക ചുവടുവയ്പുകൾ
ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി ഭരണകാലത്ത് ലോകത്തിലെ ഏറ്റവും വലിയ ഒറ്റപ്പെട്ട പ്രകൃതിവാതക നിക്ഷേപമായ ഖത്തറിലെ "നോർത്ത് ഫീൽഡ്' പ്രയോജനപ്പെടുത്താൻ വൻ നിക്ഷേപങ്ങൾ നടത്തിയതാണ് ഖത്തറിനെ മാറ്റിമറിച്ചത്. 1996ൽ ജപ്പാനിലേക്ക് ആദ്യമായി എൽഎൻജി കയറ്റുമതി ചെയ്തു. 2006ഓടെ ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതിക്കാരായി ഖത്തർ മാറി.
നിലവിൽ ആഗോള വിപണിയുടെ എൽഎൻജിയിൽ 20 ശതമാനവും ഖത്തറിന്റെ സംഭാവനയാണ്. ഭരണമേറ്റ് മാസങ്ങൾക്കകംതന്നെ പ്രാദേശിക മാധ്യമങ്ങൾക്കുള്ള സെൻസർഷിപ്പ് അദ്ദേഹം റദ്ദാക്കി. 1996ൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ ‘അൽ ജസീറ' മാധ്യമ ശൃംഖലയ്ക്ക് അദ്ദേഹം തുടക്കം കുറിച്ചു. അറബ്, അന്തർദേശീയ മാധ്യമ രംഗത്ത് പുതിയൊരു യുഗത്തിനാണ് ഇതു തുടക്കമിട്ടത്. 1995ൽ വിദ്യാഭ്യാസം, ശാസ്ത്രം, കമ്യൂണിറ്റി വികസനം എന്നിവ ലക്ഷ്യമിട്ട് ‘ഖത്തർ ഫൗണ്ടേഷൻ' സ്ഥാപിച്ചു.
ഇന്ത്യയുടെ ഉറ്റ സുഹൃത്ത്
ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയും പശ്ചിമേഷ്യൻ മേഖലയിൽ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളിലൊന്നുമാണ് ഖത്തർ. ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ ഭരണം ഇന്ത്യ-ഖത്തർ ബന്ധത്തിന്റെ ചരിത്രത്തിലെ സുവർണ കാലഘട്ടമായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ കൂട്ടുകെട്ടിന് ശക്തമായ അടിത്തറയിട്ടത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. 1999ലും 2005ലും 2012ലും ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി ഇന്ത്യ സന്ദർശിച്ചു. 2008ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഖത്തറും സന്ദർശിച്ചു. ഈ ഉന്നതതല സന്ദർശനങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങൾക്കും സഹകരണത്തിനും പുതിയ ദിശാബോധം നൽകി.
ഖത്തറിൽനിന്ന് ഇന്ത്യയിലേക്കു ദ്രവീകൃത പ്രകൃതിവാതകം ദീർഘകാലത്തേക്ക് ഇറക്കുമതി ചെയ്യാനുള്ള ചരിത്രപരമായ കരാർ ഒപ്പുവച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. ഇന്ത്യയുടെ പെട്രോനെറ്റും ഖത്തറിന്റെ റാസ് ഗ്യാസും തമ്മിലുണ്ടായ ഈ കരാറാണ് ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്നും നിർണായക പങ്കുവഹിക്കുന്നത്.
ഡോ. മൻമോഹൻ സിംഗിന്റെ ഖത്തർ സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാനമായ പ്രതിരോധ സഹകരണ കരാറിലും ഒപ്പുവച്ചു. സമുദ്ര സുരക്ഷ ഉറപ്പാക്കാനും കള്ളപ്പണം വെളുപ്പിക്കൽ തടയാനും വിവരങ്ങൾ കൈമാറാനും ഈ കരാർ വഴിയൊരുക്കി. ഉഭയകക്ഷി വ്യാപാരവും വർധിച്ചു. ഈ കാലയളവിലാണ് ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ എണ്ണം വലിയ രീതിയിൽ വർധിച്ചതും അവർക്ക് അവിടെ കൂടുതൽ സുരക്ഷിതത്വവും മികച്ച അവസരങ്ങളും ലഭിച്ചു തുടങ്ങിയതും.
33.7 ലക്ഷത്തോളം വരുന്ന ഖത്തറിലെ ജനസംഖ്യയിൽ 30 ശതമാനത്തോളം ഇന്ത്യക്കാരാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഖത്തറിലുള്ള ഇന്ത്യക്കാരുടെ എണ്ണം 8.5 ലക്ഷത്തിലധികമാണ്. ഖത്തറിലെ മൊത്തം പ്രവാസിസമൂഹത്തിൽ ഏറ്റവും വലിയ ജനവിഭാഗവും ഇന്ത്യക്കാരാണ്. ഇതിൽത്തന്നെ പകുതിയിലധികവും മലയാളികളാണ്. ഇവർ അയയ്ക്കുന്ന പണം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ പിന്തുണ നൽകുന്നുണ്ട്.
National
ന്യൂഡൽഹി: ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ത്യയിൽ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്ത്യയിലുടനീളം തിങ്കളാഴ്ച ദേശീയ പതാക താഴ്ത്തിക്കെട്ടും. സാധാരണയായി പതാക ഉയർത്താറുള്ള എല്ലാ സർക്കാർ കെട്ടിടങ്ങളിലും ഈ നിയമം ബാധകമായിരിക്കും. ദുഃഖാചരണ ദിനത്തിൽ ഔദ്യോഗിക വിനോദ പരിപാടികളൊന്നും ഉണ്ടായിരിക്കില്ലെന്ന് സർക്കാർ അറിയിച്ചു.
ഖത്തറിനെ വികസനത്തിന്റെയും സമൃദ്ധിയുടെയും പുതിയ ഉയരങ്ങളിലെത്തിച്ച ദീർഘവീക്ഷണമുള്ള നേതാവായിരുന്നു ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയെന്നും ഇന്ത്യയുടെ ഉറ്റ സുഹൃത്തായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. രാജ്യത്തിന് വേണ്ടി ഔദ്യോഗികമായി അനുശോചനം അറിയിക്കാൻ പാർലമെന്ററികാര്യ, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ഉടൻ തന്നെ ഖത്തർ സന്ദർശിക്കും.
International
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ഊർജ, വ്യാപാര സഹകരണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗമായി ഊർജം, വ്യാപാരം, നിക്ഷേപം, കണക്റ്റിവിറ്റി, സുരക്ഷ, ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ യോഗത്തിൽ അവലോകനം ചെയ്തതായും തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പുതിയ അവസരങ്ങൾ ആരാഞ്ഞതായും മന്ത്രി അറിയിച്ചു.
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കിയതിന് ഖത്തർ പ്രധാനമന്ത്രിക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. കൂടാതെ, നിലവിലെ പശ്ചിമേഷ്യൻ സംഘർഷങ്ങളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള ഖത്തറിന്റെ വിലയിരുത്തലുകൾ കൂടിക്കാഴ്ചയിൽ പങ്കുവച്ചതായും മന്ത്രി ജയശങ്കർ വ്യക്തമാക്കി.
International
ദോഹ: ഖത്തറിലെ പ്രമുഖ പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ സ്ഫോടനത്തിൽ 18 തൊഴിലാളികളെ കാണാതായി. 54 പേർക്ക് പരിക്കുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ഞായറാഴ്ച രാത്രിയോടെയാണ് സ്ഫോടനം ഉണ്ടായത്. ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തൊഴിലാളികൾ ശ്രമിക്കുന്നതിനിടെ സ്ഫോടനം ഉണ്ടായെന്നാണ് വിവരം.
ഇൻഡസ്ട്രിയൽ ഏരിയയിലെ ബാർസാൻ ഗ്യാസ് സപ്ലൈ കേന്ദ്രത്തിലാണ് സ്ഫോടനവും പിന്നാലെ തീപ്പിടിത്തവും ഉണ്ടായതെന്ന് ഖത്തർ എനർജി സ്ഥിരീകരിച്ചു. ആദ്യഘട്ടത്തിൽ കുറച്ചുപേർക്ക് മാത്രമേ പരുക്കേറ്റിട്ടുള്ളൂ എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ പിന്നീട് ഖത്തർ ആഭ്യന്തര മന്ത്രാലയം യഥാർഥ കണക്കുകൾ പുറത്തുവിടുകയായിരുന്നു.
അതേസമയം രാജ്യതലസ്ഥാനമായ ദോഹയ്ക്ക് വടക്ക് സ്ഥിതി ചെയ്യുന്ന റാസ് ലഫാൻ പ്രദേശം രാജ്യത്തെ പ്രധാന എൽഎൻജി സംസ്കരണ കേന്ദ്രമാണ്. ഇത് ആഗോള ഊർജ്ജ വിപണിയിൽ വലിയ പ്രതിസന്ധിക്ക് കാരണമായേക്കാം.
International
ദോഹ: ഖത്തറിൽ ഞായറാഴ്ച ഉഗ്ര സ്ഫോടനനമുണ്ടായതായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഖത്തറിലെ പ്രധാന വ്യവസായ നഗരമായ റാസ് ലഫാനില ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. ഏതെങ്കിലും തരത്തിലുള്ള ആക്രമണമല്ലെന്നും സാങ്കേതിക തകരാറിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
രാജ്യ തലസ്ഥാനമായ ദോഹയ്ക്ക് വടക്ക് സ്ഥിതി ചെയ്യുന്ന പ്രദേശം രാജ്യത്തെ പ്രധാന എൽഎൻജി സംസ്കരണ കേന്ദ്രമാണ്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. എന്നാൽ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള യാതൊരുവിധ വാതക ചോർച്ചയും ഉണ്ടായിട്ടില്ലെന്നാണ് മന്ത്രാലയം വിശദീകരിച്ചു. അപകട സമയത്ത് ദോഹയിൽ വലിയ രീതിയിലുള്ള സ്ഫോടന ശബ്ദം കേട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
NRI
ദോഹ: ലോകമെമ്പാടുമുള്ള മലയാളി സമൂഹം നെഞ്ചേറ്റിയ വിജയമന്ത്രങ്ങളുടെ ശില്പി ഡോ. അമാനുല്ല വടക്കാങ്ങരയ്ക്ക് ഖത്തറിലെ ഇന്ത്യന് സമൂഹത്തിന്റെ ആദരം.
റേഡിയോ മലയാളം സ്റ്റുഡിയോവില് നടന്ന വിജയമന്ത്രങ്ങള് അഞ്ഞൂറ് എപ്പിസോഡുകള് പൂര്ത്തിയാക്കിയതിന്റെ ആഘോഷ ചടങ്ങിലാണ് അമാനുല്ല വടക്കാങ്ങരയെ പൊന്നാട നല്കി ആദരിച്ചത്.
ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില് ലോക കേരള സഭാംഗം അബ്ദുല് റഊഫ് കൊണ്ടോട്ടി പൊന്നാടയണിയിച്ചു.
Sports
സാൻ ഫ്രാൻസിസ്കോ: ഫിഫ ലോകകപ്പ് മത്സരത്തിൽ സ്വിറ്റ്സർലൻഡിനെതിരെ ഖത്തറിന് സമനില (1-1). തോൽവിയുടെ വക്കിൽ നിന്നും ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലൂടെയാണ് ഖത്തർ കളി പിടിച്ചെടുത്തത്. ലോകകപ്പ് ചരിത്രത്തിൽ ഖത്തർ നേടുന്ന കന്നി പോയിന്റാണിത്.
അമേരിക്കയിലെ ലെവിസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ സ്വിറ്റ്സർലൻഡ് ആയിരുന്നു കളം നിറഞ്ഞത്. 15-ാം മിനിറ്റിൽ സ്വിസ് താരം റെമോ ഫ്രൂലറെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ഖത്തർ ഗോൾകീപ്പർ മഹ്മൂദ് അബുനാദയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചിരുന്നു. തുടർന്ന് വിഎആർ പരിശോധനയ്ക്ക് ശേഷം ലഭിച്ച പെനാൽറ്റി 16-ാം മിനിറ്റിൽ ബ്രീൽ എംബോളോ കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് സ്വിറ്റ്സർലൻഡിന് ആദ്യ ലീഡ് സമ്മാനിച്ചു.
തുടർന്ന് 24 ഓളം ഷോട്ടുകൾ ഉതിർത്ത് സ്വിസ് പട ഖത്തർ പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും, ആദ്യ പകുതിയിൽ തലയ്ക്ക് പരിക്കേറ്റിട്ടും തകർപ്പൻ സേവുകളുമായി ഗോൾകീപ്പർ അബുനാദ ഖത്തറിനെ മത്സരത്തിൽ നിലനിർത്തി.
രണ്ടാം പകുതിയിൽ കളി തീരാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ, 94-ാം മിനിറ്റിൽ ഖത്തർ ആരാധകരെ ആവേശക്കടലാക്കി സമനില ഗോൾ പിറന്നു. ബോക്സിലേക്ക് വന്ന ക്രോസ് പ്രതിരോധ താരം ബൗലെം ഖൂഖി ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ സ്വിസ് ഗോൾകീപ്പർ യാൻ സോമറെ കാഴ്ചക്കാരനാക്കി ബോൾ വലയിലെത്തിക്കുകയായിരുന്നു.
Sports
സാൻ ഫ്രാൻസിസ്കോ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഖത്തറിനെതിരെ സ്വിറ്റ്സർലൻഡിന് മിന്നും തുടക്കം. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ (ലെവിസ് സ്റ്റേഡിയം) സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ 16-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി സ്റ്റാർ സ്ട്രൈക്കർ ബ്രീൽ എംബോളോ.
കളി തുടങ്ങി 15-ാം മിനിറ്റിൽ ബോക്സിനുള്ളിൽ വെച്ച് സ്വിസ് താരം റെമോ ഫ്രൂലറെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് ഖത്തർ ഗോൾകീപ്പർ മഹ്മൂദ് അബുനാദയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചു. ആദ്യം റഫറിക്ക് സംശയമുണ്ടായിരുന്നെങ്കിലും, വിആർ പരിശോധനയ്ക്ക് ശേഷം റഫറി സ്വിറ്റ്സർലൻഡിന് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു.
സമ്മർദഘട്ടത്തിലും പതറാതെ കിക്കെടുത്ത എംബോളോ, ഖത്തർ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി പന്ത് കൃത്യമായി വലയിലെത്തിച്ചു. ഈ ഗോളോടെ മത്സരത്തിൽ സ്വിറ്റ്സർലൻഡ് നിലവിൽ 1-0 ന് മുന്നിലാണ്. ലോകകപ്പ് വേദിയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ മികച്ച തുടക്കം കുറിക്കാൻ സ്വിസ് പടയ്ക്കായി.
International
ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാനചർച്ചകൾ തീരുമാനമാകാതെ നീളുന്നത് സംഘർഷം അനിശ്ചിതമായി നീണ്ടുനിൽക്കാൻ കാരണമായേക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി.
മേഖലയിൽ വീണ്ടും ശത്രുത ഉടലെടുക്കുന്നത് കാണാൻ ഖത്തർ ആഗ്രഹിക്കുന്നില്ല. ഓരോ രാഷ്ട്രീയകാരണങ്ങൾ ഉണ്ടാകുമ്പോഴും പരിഹാരമില്ലാതെ സംഘർഷം നീണ്ടുനിൽക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഹോർമുസ് ഒരിക്കലും അടച്ചിടാൻ പാടില്ലായിരുന്നുവെന്നും മാജിദ് അൽ അൻസാരി പറഞ്ഞു. കടലിടുക്കിനെ സമ്മർദതന്ത്രമായി ഉപയോഗിക്കരുത്. കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി തങ്ങൾ ബന്ധപ്പെട്ട എല്ലാവരുമായും ചർച്ചകൾ നടത്തിവരികയാണ്. മേഖലയിലെ മറ്റു പ്രശ്നങ്ങൾ എന്തുതന്നെയായാലും കടലിടുക്ക് ഉടനടി തുറക്കണം.
കപ്പൽ ഗതാഗതം തടയുന്നത് ന്യായീകരിക്കാനാകില്ലെന്നും അത്തരമൊരു സാഹചര്യം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും മാജിദ് അൽ അൻസാരി വ്യക്തമാക്കി.
International
ഇസ്ലാമാബാദ്: ആഭ്യന്തര കലാപങ്ങളും സാമ്പത്തിക പ്രതിസന്ധിയും അടിത്തറയിളക്കിയ പാക്കിസ്ഥാന് സഹായ ഹസ്തവുമായി സൗദി അറേബ്യയും ഖത്തറും. അഞ്ച് ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഇരുരാജ്യങ്ങളും പാക്കിസ്ഥാന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
വിദേശ നാണയ ശേഖരത്തിലുണ്ടായ വൻ ഇടിവ് പരിഹരിക്കുന്നതിനായാണ് അഞ്ച് ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം. ഈ മാസം യുഎഇയ്ക്ക് നൽകാനുള്ള 3.5 ബില്യൺ ഡോളറിന്റെ കടം തിരിച്ചടയ്ക്കാനിരിക്കെ പാക്കിസ്ഥാന് സാമ്പത്തിക സഹായം വലിയ ആശ്വാസമാണ്.
പാക്കിസ്ഥാൻ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് ഐഎംഎഫ് - ലോകബാങ്ക് യോഗങ്ങളിൽ പങ്കെടുക്കുന്നതിനായി വാഷിംഗ്ടൺ സന്ദർശിക്കുന്നതിനിടയിലാണ് നിർണായക നീക്കം.
അതേസമയം മൂന്ന് വർഷത്തെ സാമ്പത്തിക പാക്കേജ് പൂർത്തിയാകുന്നത് വരെ സൗദി അറേബ്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങൾ തങ്ങളുടെ നിക്ഷേപങ്ങൾ പാക്കിസ്ഥാനിൽ തുടരണമെന്ന് ഐഎംഎഫ് നേരത്തെ നിർദേശിച്ചിരുന്നു.
International
ദോഹ: ഖത്തറിൽ ഹെലികോപ്റ്റർ തകർന്നുവിണുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഏഴുപേരിൽ ആറു പേരുടെ മൃതദേഹങ്ങൾ തെരച്ചിലിൽ കണ്ടെത്തി.
ആറു പേരുടെ മരണം ആഭ്യന്തര മന്ത്രാലയം വാർത്താ കുറിപ്പിലൂടെ സ്ഥിരീകരിക്കുകയായിരുന്നു. വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. കാണാതായ ഏഴാമത്തെ ആൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.
ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീഴുകയായിരുന്നു. സാങ്കേതിക കാരണം മൂലമാണ് അപകടമെന്നാണ് വിശദീകരണം. ഖത്തറിലെ പ്രതിരോധമന്ത്രാലയവും ആഭ്യന്ത്ര മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
Kerala
ദോഹ: ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു. ഹെലികോപ്റ്ററിനായുള്ള തെരച്ചിൽ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാങ്കേതിക കാരണമാണ് അപകടകാരണമെന്നും വിശദീകരിച്ചു.
ഖത്തറിലെ പ്രതിരോധമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിവിധ സംഘങ്ങൾ തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
അൽപസമയം മുമ്പാണ് അറിയിപ്പ് ലഭിച്ചത്. സാധാരണ ഡ്യൂട്ടിക്കിടെ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം.
International
ടെഹ്റാൻ: ഇറാന്റെ ഹൃദയം പൊട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേൽ ഇറാനിലെ സൗത്ത് പാർസ് ആക്രമിച്ചതെന്നു വിലയിരുത്തൽ. ലോകത്തിലെതന്നെ ഏറ്റവും വലിയ പ്രകൃതി വാതക ഖനിയാണിത്. ഇവിടെ നടക്കുന്ന ആക്രമണം ഇറേനിയൻ സന്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കും. അതുകൊണ്ടാണ് ഖത്തറിലെ ഗ്യാസ് പ്ലാന്റ് ആക്രമിച്ചുകൊണ്ട് ഉടൻതന്നെ ഇറാൻ തിരിച്ചടിച്ചത്. സൗത്ത് പാർസിനു നേർക്ക് ഇനി ഒരു ആക്രമണം ഉണ്ടാകാതിരിക്കാനുള്ള ഇറാന്റെ ശ്രമംകൂടിയായിരുന്നു ഖത്തറിലെ ഈ ആക്രമണമെന്നു കരുതുന്നു. യുദ്ധം പുതിയൊരു തലത്തിലേക്കു കടന്നതിന്റെ ലക്ഷണമാണ് ഇതെന്നാണ് പലരും വിലയിരുത്തുന്നത്.
ആഗോള ഊർജസുരക്ഷയ്ക്കു പുതിയ സംഭവങ്ങൾ ഭീഷണിയാണെന്ന് യുഎഇ പ്രതികരിച്ചു. അതേസമയം, ഇറാന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് കൂടുതൽ ആക്രമണം നടത്തുന്നതിനു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും എതിരാണെന്നു പറയുന്നു.
സൗത്ത് പാർസ് എന്താണ്?
സൗത്ത് പാർസ് 9,700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു വൻ വാതക ഖനിയുടെ ഭാഗമാണ്. ഇത് ഇറാനും ഖത്തറും പങ്കിടുന്നു. ഇറാന്റെ ഭാഗം സൗത്ത് പാർസ് എന്നും ഖത്തറിന്റെ ഭാഗം നോർത്ത് ഡോം (North Field) എന്നും അറിയപ്പെടുന്നു. പേർഷ്യൻ ഗൾഫിന് അടിയിൽ സ്ഥിതിചെയ്യുന്ന ഭാഗമാണിത്. ഈ വാതക ഖനിയിൽ 14 മുതൽ 51 ട്രില്യൺ ക്യൂബിക് മീറ്റർ വരെ വാതക ശേഖരമുണ്ടെന്നു കണക്കാക്കപ്പെടുന്നു. ഇവിടെ ആക്രമണം നടന്നെന്ന വാർത്ത പോലും എണ്ണ വില ഉയരാൻ ഇടയാക്കി.
ഇന്റർനാഷണൽ എനർജി ഏജൻസി (IEA) റിപ്പോർട്ട് പ്രകാരം ഇറാൻ ലോകത്തിലെ നാലാമത്തെ വലിയ വാതക ഉപയോക്താവാണ്. അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് ഇറാനു മുന്നിലുള്ള രാജ്യങ്ങൾ. ഇറാന്റെ വൈദ്യുതി ഉൽപാദനത്തിന്റെ ഏകദേശം 80 ശതമാനം വാതകത്തിൽ നിന്നാണ്. അതിൽ ഭൂരിഭാഗവും സൗത്ത് പാർസിൽനിന്നാണ് ലഭിക്കുന്നത്. സൗത്ത് പാർസിൽനിന്നുള്ള വാതക ഉത്പാദനം പ്രതിസന്ധിയിലായാൽ ഇറാന്റെ ഊർജ വിതരണ മേഖല സ്തംഭിക്കും.
ഇറാക്ക് പോലുള്ള രാജ്യങ്ങൾ ഇറാനിൽനിന്നു വാതകം വാങ്ങുന്നുണ്ട്. അവരുടെ വൈദ്യുതി, വാതക ആവശ്യങ്ങളുടെ ഏകദേശം 40 ശതമാനം വരെ നിറവേറ്റുന്നത് ഇറാൻ നിന്നു ലഭ്യമാക്കിയാണ്. സൗത്ത് പാർസ് ആക്രമിക്കപ്പെട്ടതോടെ, ഇറാൻ ആഭ്യന്തര ആവശ്യങ്ങൾക്കു വാതകം മാറ്റിയതോടെ പുറത്തേക്കുള്ള വിതരണം കുറഞ്ഞു. കൂടെ ഗൾഫ് പ്രദേശത്തെ മറ്റ് രാജ്യങ്ങളുടെ ഊർജ സൗകര്യങ്ങളെ ഇറാൻ ലക്ഷ്യമിട്ടതോടെ പ്രശ്നം ആഗോള പ്രതിസന്ധിയായി വളരുകയാണ്.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നതിനിടെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ വീണ്ടും രംഗത്ത്. ഇറാന്റെ ഊർജ സംവിധാനങ്ങളുടെ മേൽ ആക്രമണം നടത്തിയാൽ കണ്ണുംപൂട്ടി അടിക്കുമെന്നാണ് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചിരിക്കുന്നത്.
ഇറാനിലെ സൗത്ത് പാർസ് വാതകപാടത്തെ ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ ആക്രമണത്തിനു തങ്ങൾ നൽകിയത് ചെറിയ മറുപടി മാത്രമാണെന്നും ആക്രമണം ഇനി ആവർത്തിച്ചാൽ പ്രത്യാഘാതം ചിന്തിക്കുന്നതിന് അപ്പുറമായിരിക്കുമെന്നാണ് ഇറാൻ പ്രതികരിച്ചിരിക്കുന്നത്. ഇസ്രയേൽ സൗത്ത് പാർസ് ആക്രമിച്ചതിനെത്തുടർന്ന് ഇറാൻ ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് പ്ലാന്റ് ആക്രമിച്ചിരുന്നു. ഈ ആക്രമണം ആഗോള ഊർജവിതരണത്തെ പ്രതിസന്ധിയിലാക്കുമെന്നു വിലയിരുത്തപ്പെടുന്നു. ഖത്തറിന്റെ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) കയറ്റുമതി ശേഷിയിൽ ഏകദേശം 17 ശതമാനം കുറവ് വരാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏഷ്യ, യൂറോപ്പ് ഉൾപ്പെടെയുള്ള മേഖലകളിലെ വാതക വിതരണത്തെ പ്ലാന്റിലെ ആക്രമണം ബാധിച്ചേക്കും.
അതേസമയം, യുദ്ധം തുടരുന്നതിനിടെ, അമേരിക്കൻ പ്രതിരോധ വകുപ്പ് കോൺഗ്രസിൽനിന്ന് 200 ബില്യൺ ഡോളർ ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാൻ യുദ്ധത്തിന്റെ ചെലവിലേക്ക് ഈ തുക വിനിയോഗിക്കാനാണ് പദ്ധതി. പ്രതിരോധ സെക്രട്ടറി ഈ യുദ്ധത്തിന് "അവസാന സമയം നിശ്ചയിച്ചിട്ടില്ല' എന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറേനിയൻ റെഡ് ക്രസന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, യുദ്ധം 21-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാനിലെ ആകെ മരണസംഖ്യ 1,444 പിന്നിട്ടു.
ഇറാന്റെ ഭരണനേതൃത്വത്തിലെ നിരവധി പ്രമുഖർ കൊല്ലപ്പെട്ടുകഴിഞ്ഞു. യുദ്ധം നീണ്ടാൽ ഏറെ നാൾ ഒരു ഭരണകൂടമെന്ന നിലയിൽ ഇറാനു പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് അമേരിക്കയും ഇസ്രയേലും വിലയിരുത്തുന്നത്. ഭരണകൂടത്തിനു മേലുള്ളസമ്മർദം കൂട്ടാനാണ് ഇറാന്റെ പ്രകൃതിവാതക പാടത്ത് ആക്രമണം നടത്തിയെന്നു കരുതുന്നു. ഇറേനിയൻ സന്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് വാതകപാടങ്ങളും മറ്റും.
International
ദുബായി: പശ്ചിമേഷ്യയിൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലും ഖത്തറിലും ഇത്തവണ ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല. ഈദ് പ്രാർഥനകൾ മോസ്കുകൾ കേന്ദ്രീകരിച്ചായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അതിനിടെ ഇന്ന് പുലർച്ചെ ദുബായിൽ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്. ഏത് ആക്രമണം തടയാനും വ്യോമപ്രതിരോധം സജ്ജമെന്ന് അധികൃതർ അറിയിച്ചു. അതിനിടെ ഹൊർമുസ് കടലിടുക്കിന്റെ സുരക്ഷക്ക് യുഎസ് നടത്തുന്ന പരിശ്രമങ്ങളിൽ പങ്കാളിയായെക്കുമെന്ന് യുഎഇ അധികൃതർ പറഞ്ഞു.
പ്രസിഡന്റിന്റെ ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് ഒരു ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനുമായി യുഎഇ ഇപ്പോൾ ചർച്ച നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാൻ വിമുഖത കാണിക്കുന്ന യൂറോപ്യൻ സഖ്യകക്ഷികളുടെ നിലപാടിൽ ട്രംപ് നിരാശനാണെന്ന് യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം പറഞ്ഞു.
ഇറാൻ ആണവായുധം നിർമിക്കുന്നത് തടയേണ്ടത് യുഎസിന്റെ മാത്രം ആവശ്യമാണെന്ന തരത്തിലുള്ള യൂറോപ്യൻ രാജ്യങ്ങളുടെ സമീപനം വളരെ ദയനീയമാണെന്നും സെനറ്റർ കുറ്റപ്പെടുത്തി. ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രയേലും ആരംഭിച്ച സംയുക്ത സൈനിക നീക്കത്തിന് മറുപടിയായി ഇറാൻ അടച്ചിട്ട ഹോർമുസ് ജലപാത സുരക്ഷിതമാക്കാൻ സഹായിക്കണമെന്നാണ് ട്രംപ് സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിരുന്നു.
International
കീവ്: പശ്ചിമേഷ്യൻ രാജ്യങ്ങളെ ഇറാൻ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധിക്കാൻ സഹായിക്കാമെന്ന് അറിയിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി. ഇറാന്റെ ഷാഹെദ് ഡ്രോണുകളെ പ്രതിരോധിക്കാൻ സഹായിക്കാമെന്നാണ് വാഗ്ദാനം.
യുക്രെയ്ൻ നഗരങ്ങളിൽ നാശം വിതയ്ക്കുന്ന അതേ ഷാഹെദ് ഡ്രോണുകൾ തന്നെയാണ് പശ്ചിമേഷ്യൻ രാജ്യങ്ങളും നേരിടുന്ന വെല്ലുവിളിയെന്ന് സെലൻസ്കി അഭിപ്രായപ്പെട്ടു. യുക്രെയ്നെതിരെ റഷ്യ ഇത്തരത്തിലുള്ള ഡ്രോണുകളാണ് ഉപയോഗിച്ചിരുന്നത്.
എന്നാൽ യുക്രെയ്ൻ നൽകുന്ന സഹായത്തിന് പകരമായി സാങ്കേതികവിദ്യയും ധനസഹായവും നൽകണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടു. ഷാഹെദ് ഡ്രോണുകളെ കുറിച്ച് പഠിക്കാനും വിലയിരുത്തുന്നതിനും നാല് രാജ്യങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ടെന്നും സെലൻസ്കി അറിയിച്ചു.
Kerala
കൊച്ചി: ഗള്ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങള് അടക്കം ലക്ഷ്യമിട്ട് ഇറാന് ആക്രമണം കടുപ്പിക്കുന്ന പശ്ചാത്തലത്തില് വിമാന സര്വീസുകള് വീണ്ടും കുറയുന്നു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില് നിന്നും ഗള്ഫ് രാജ്യങ്ങളിലേക്ക് 31 സര്വീസുകള് മാത്രമാണ് നടക്കുക. 50 സര്വീസുകളാണ് ഇന്ന് റദ്ദു ചെയ്തത്.
കൊച്ചിയില് നിന്നും ദോഹയിലേക്കും കുവൈറ്റിലേക്കും സര്വീസ് നടക്കില്ല. ഒമ്പതു സര്വീസുകളും റദ്ദു ചെയ്തു. ദോഹയില് നിന്നും കൊച്ചിയിലേക്കുള്ള ആറു സര്വീസുകളും റദ്ദാക്കി. എന്നാല് ഖത്തര് എയര്വേസിന്റെ ഒരു വിമാനം വൈകിട്ട് 5.40ന് കൊച്ചിയിലെത്തും.
കുവൈറ്റില് നിന്നും കൊച്ചിയിലേക്കുള്ള മൂന്നു സര്വീസുകളും റദ്ദു ചെയ്തിട്ടുണ്ട്. കൊച്ചിയില് നിന്നും കുവൈറ്റിലേക്കുള്ള മൂന്നു സര്വീസുകളും റദ്ദാക്കിയിട്ടുണ്ട്. ദുബായി, അബുദാബി, ഷാര്ജ, മസ്കറ്റ്, റാസല്ഖൈമ, റിയാദ് എന്നീ രാജ്യങ്ങളിലേക്കുള്ള ചുരുക്കം സര്വീസുകള് മാത്രമാണ് നടക്കുന്നത്.
ബഹ്റൈനിലേക്കും ബഹ്റൈനില് നിന്നും ഒറ്റ വിമാനം പോലും ചാര്ട്ട് ചെയ്തിട്ടില്ല. അതേസമയം, ഗള്ഫ് രാജ്യങ്ങളിലെ അമേരിക്കന് കേന്ദ്രങ്ങളെയും എണ്ണക്കപ്പലുകളെയും ലക്ഷ്യമിട്ട് മിസൈല്, ഡ്രോണ് ആക്രമണം ഇറാന് തുടരുകയാണ്. ദുബായിയിലെ ആഡംബര ഹോട്ടലുകളും ധനകാര്യ സ്ഥാപനങ്ങളും അടച്ചു.
Sports
ഫെബ്രുവരി അവസാനവാരം ഖത്തറിലെ ലൂസൈലില് എത്തിയപ്പോള് ഇന്ത്യന് പുരുഷ ബാസ്കറ്റ്ബോള് ടീമിന് ഒരു ലക്ഷ്യം മാത്രം; ഫിബ ലോകകപ്പ് ഏഷ്യന് യോഗ്യതാ ഗ്രൂപ്പില് ചുരുങ്ങിയത് മൂന്നാം സ്ഥാനത്തെങ്കിലും ഫിനിഷ് ചെയ്ത് അടുത്ത ഘട്ടത്തിലേക്കു മുന്നേറുക. ആതിഥേയരായ ഖത്തര് ഉള്പ്പെട്ട ഗ്രൂപ്പിൽ ഇന്ത്യക്ക് ഇതുവരെ ഒരു ജയം നേടാൻ സാധിച്ചിട്ടില്ല.
ഇറാനില് അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച യുദ്ധത്തെത്തുടര്ന്ന് ഗള്ഫ് സ്തംഭിച്ചതോടെ ഇന്ത്യന് ടീം ലൂസൈലില് കുടുങ്ങി. പിന്നീട് ആശങ്കയുടെ ദിനങ്ങള്.
തിരുവനന്തപുരം സ്വദേശിയായ പ്രണവ് പ്രിന്സായിരുന്നു ഇന്ത്യന് ടീമിലെ ഏക മലയാളി സാന്നിധ്യം. കേരള ബാസ്കറ്റ്ബോള് അസോസിയേഷന് പ്രതിനിധി തൃശൂര് സ്വദേശിയായ പി.ജെ. സണ്ണി ടീം കണ്ടിൻജന്റ് തലവനായും ടീമിനൊപ്പമുണ്ടായിരുന്നു.
ഫെബ്രുവരി 27ന് ഖത്തറിന് എതിരേ 73-99നു പൊരുതി കീഴടങ്ങിയ ഇന്ത്യന് ടീം അടുത്ത മത്സരത്തിനായി തയാറെടുക്കുന്നതിനിടെയായിരുന്നു യുദ്ധം. അതോടെ മത്സരങ്ങള് റദ്ദാക്കി. ഇന്ത്യന് ടീം ലൂസൈലില് അകപ്പെട്ടു.
ഒടുവിൽ ആശ്വാസം
“ആശങ്കയുടെ ദിനങ്ങളായിരുന്നു അത്. സുരക്ഷാ പ്രശ്നങ്ങള് ഇല്ലായിരുന്നു. അതുകൊണ്ട് ഭയചകിതരായില്ല. പക്ഷേ, എന്നു നാട്ടില് തിരിച്ചെത്തുമെന്ന ആശങ്ക ഞങ്ങളെ അലട്ടി. അതിന്റേതായ സമ്മര്ദം ഉണ്ടായിരുന്നു. ഖത്തര് ബാസ്കറ്റ്ബോള് ഫെഡറേഷന് ഞങ്ങള്ക്കു താമസസൗകര്യം ഏര്പ്പെടുത്തി.’’ -പ്രണവ് പ്രിന്സ് ദീപികയോട് പറഞ്ഞു.
ഖത്തറില്നിന്ന് നേരിട്ട് വിമാനം ഇല്ലായിരുന്നു. അതുകൊണ്ട് ഞങ്ങള് ആദ്യം ലൂസൈലില്നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്ക് ബസില് യാത്ര ചെയ്തു. രാത്രി ഒമ്പതോടെയായിരുന്നു ആറു മണിക്കൂര് നീണ്ട ബസ്യാത്ര ആരംഭിച്ചത്.
തിങ്കള് പുലര്ച്ചെ മൂന്നോടെ ദമാമില് എത്തി. വിമാനലഭ്യത പരിമിതമായതിനാല് രണ്ട് ഗ്രൂപ്പായി തിരിഞ്ഞായിരുന്നു പിന്നീടുള്ള യാത്ര. ഒരു സംഘം ദമാമില്നിന്ന് ലക്നോവിലേക്കു തിരിച്ചു. ഞങ്ങള് ദമാമില്നിന്ന് ജിദ്ദയിലേക്ക്. അവിടെനിന്ന് ചൊവ്വ പുലര്ച്ചയോടെ മുംബൈയിലെത്തി’’- പ്രണവ് പ്രിന്സ് പറഞ്ഞു. ഇന്ത്യന് ബാങ്ക് മാനേജരായി ചെന്നൈയിലാണ് പ്രണവ് പ്രിന്സ് ഉള്ളത്.
International
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി പാക്കിസ്ഥാൻ. പശ്ചിമേഷ്യൻ സംഘർഷം ഊർജ വിതരണത്തെ ബാധിച്ചതോടെയാണ് പാക്കിസ്ഥാൻ വൻ തിരിച്ചടി നേരിടുന്നത്.
സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനും ഇന്ധന ലാഭത്തിനുമായി കർശന നിർദേശങ്ങളാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് മുന്നോട്ടുവച്ചിരിക്കുന്നത്. പ്രതിസന്ധിയെ തുടർന്ന് പാക്കിസ്ഥാനിൽ കാബിനറ്റ് മന്ത്രിമാര്ക്ക് അടുത്ത രണ്ട് മാസത്തേക്ക് ശമ്പളം നല്കില്ല.
സ്കൂളുകൾക്ക് അടുത്ത ആഴ്ച മുതല് രണ്ടാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സര്വകലാശാലകളിലെ ക്ലാസുകള് പൂര്ണമായും ഓണ്ലൈനാക്കും. പ്രവൃത്തി ദിനങ്ങളും വെട്ടിച്ചുരുക്കിയിട്ടുണ്ട്. ആഴ്ചയില് നാല് പ്രവൃത്തി ദിനങ്ങള് മാത്രമായിരിക്കും ഉണ്ടായിരിക്കുക.
പ്രതിസന്ധിയെ തുടർന്ന് രണ്ട് മാസത്തേക്ക് സര്ക്കാര് ചെലവുകള് 20 ശതമാനം വെട്ടിക്കുറയ്ക്കും. കൂടാതെ സര്ക്കാര് വാഹനങ്ങള്ക്കുള്ള ഇന്ധന വിഹിതം പകുതിയായി കുറയ്ക്കുകയും ചെയ്തു. സര്ക്കാര് ഉദ്യോഗസ്ഥരില് പകുതി പേര്ക്കും വര്ക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്.
അതേസമയം അവശ്യ സര്വീസുകൾക്ക് ഇളവ് ബാധകമല്ല. അനാവശ്യമായ ഔദ്യോഗിക വിദേശ യാത്രകള്ക്ക് വിലക്കേര്പ്പെടുത്തി. സര്ക്കാര് വക സെമിനാറുകളും കോണ്ഫറന്സുകളും ഇനി ഹോട്ടലുകള്ക്ക് പകരം സര്ക്കാര് കെട്ടിടങ്ങളില് തന്നെ നടത്തണം.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോര്മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം തടസപ്പെട്ടത് പാക്കിസ്ഥാനെ സാരമായി ബാധിച്ചിട്ടുണ്ട്. ക്രൂഡ് ഓയില്, എല്എന്ജി എന്നിവയ്ക്കായി പാക്കിസ്ഥാൻ പൂർണമായും ഗൾഫ് രാജ്യങ്ങളെ ആശ്രയിച്ചിരുന്നതാണ് രൂക്ഷ പ്രതിസന്ധിക്ക് കാരണമായത്.
International
ദോഹ: പശ്ചിമേഷ്യൻ യുദ്ധത്തിൽ മലയാളിക്ക് പരിക്ക്. ഖത്തറിലുണ്ടായ ആക്രമണത്തിൽ തൃശൂർ സ്വദേശിക്കാണ് പരിക്കേറ്റ്. ശനിയാഴ്ചയായിരുന്നു സംഭവം.
കൈയ്ക്കും കാലിനും പരിക്കേറ്റ ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
NRI
തിരുവല്ല: കാവുംഭാഗം തൈപ്പറമ്പില് കുളക്കാട്ടില് തോമസ് തോമസ് (78) അന്തരിച്ചു. ഖത്തര് മിനിസ്ട്രി ഓഫ് വാട്ടര് ഡിപ്പാര്ട്ട്മെന്റ് മുൻ ജീവനക്കാരനാണ്.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തിരുവല്ല പാലിയേക്കര സെന്റ് ജോര്ജ് ഓര്ത്തഡോക്സ് പള്ളിയില്. ഭാര്യ: പരേതയായ അമ്മാള് തോമസ് നിരണം പനക്കമിറ്റം കുടുംബാംഗം.
മക്കള്: മറിയമ്മ തോമസ്, അനില് തൈപ്പറമ്പില് തോമസ്, ബിനില് തൈപ്പറമ്പില് തോമസ്. മരുമകന്: ദീപ് കൊല്ലംപറമ്പില് ഏലിയാസ് കൊല്ലംപറമ്പില്.
NRI
ദോഹ: മാരത്തണ്എന്ഡ്യൂറന്സ് റണ്ണറും കൊമേഴ്സ്യല് പൈലറ്റുമായ ക്യാപ്റ്റന് ദീപക് മഹാജനെ ഖത്തറിലെ പ്രമുഖ മാന്പവര് സ്ഥാപനമായ ഖത്തര് ടെക് ആദരിച്ചു. ഖത്തര് ടെക് ഓഫീസിലാണ് അനുമോദന ചടങ്ങ് നടന്നത്.
വ്യോമയാന തൊഴില് ജീവിതത്തിനിടയിലും കര്ശനമായ പരിശീലനത്തിലൂടെ കായികരംഗത്ത് ഉന്നത നേട്ടങ്ങള് കൈവരിക്കുന്നതിലൂടെ യുവതലമുറയ്ക്കും തൊഴില് രംഗത്തുള്ളവര്ക്കും മാതൃകയായ വ്യക്തിത്വമാണ് ക്യാപ്റ്റന് മഹാജനെന്ന് ഖത്തര് ടെക് മാനേജ്മെന്റ് വിലയിരുത്തി.
വിവിധ രാജ്യങ്ങളിലായി നടന്ന നിരവധി മാരത്തണുകളും അള്ട്രാ എന്ഡ്യൂറന്സ് റേസുകളും വിജയകരമായി പൂര്ത്തിയാക്കിയ ക്യാപ്റ്റന് ദീപക് മഹാജന്, മാനസിക ശക്തിയുടെയും അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ യാത്ര സമര്പ്പണം, സഹനം, ലക്ഷ്യബോധം എന്നിവയുടെ ഉദാത്ത ഉദാഹരണമാണെന്ന് ഖത്തര് ടെക് നേതൃത്വം വ്യക്തമാക്കി.
ചടങ്ങില് സംസാരിച്ച ഖത്തര് ടെക്കിന്റെ മാനേജിംഗ് ഡയറക്ടര് ജെബി കെ. ജോണ്, ഇത്തരത്തിലുള്ള നേട്ടങ്ങള് കൈവരിക്കുന്നവരെ ആദരിക്കുന്നത് ആരോഗ്യകരമായ ജീവിതശൈലി, വ്യക്തിപരമായ മികവ്, സമൂഹ പ്രചോദനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനത്തിന്റെ ദര്ശനത്തിന്റെ ഭാഗമാണെന്ന് പറഞ്ഞു.
മൂന്ന് ഭൂഖണ്ഡങ്ങളില് മാരത്തണ് മത്സരങ്ങള് പൂര്ത്തിയാക്കിയ അപൂര്വ നേട്ടം കൈവരിച്ച ക്യാപ്റ്റന് മഹാജന്, ഏഴ് ഭൂഖണ്ഡങ്ങളിലും മാരത്തണ് ഓടി ഗിന്നസ് വേള്ഡ് റിക്കാര്ഡ്സില് ഇടംനേടുക എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ്.
ലഭിച്ച അംഗീകാരത്തിന് ദീപക് മഹാജന് ഖത്തര് ടെക്കിന് നന്ദി അറിയിച്ചു. ഉയര്ന്ന ഉത്തരവാദിത്വമുള്ള തൊഴില് മേഖലകളില് പ്രവര്ത്തിക്കുന്നവര്ക്ക് ശരീര-മാനസിക ആരോഗ്യസംരക്ഷണം അത്യന്താപേക്ഷിതമാണെന്നും കായിക പരിശീലനം അതില് നിര്ണായക പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കള് കായികവ്യായാമത്തെ താത്കാലിക അഭിരുചിയായി കാണാതെ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നിത്യവും എന്തെങ്കിലും കായിക വ്യായാമത്തിലേര്പ്പെടുകയും നല്ല ആരോഗ്യത്തേടെ സന്തോഷകരമായ ജീവിതം ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
മീഡിയപ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കങ്ങര ചടങ്ങില് അതിഥിയായി പങ്കെടുത്തു. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതില് ക്യാപ്റ്റന് മഹാജന് വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും, തിരക്കേറിയ ജോലി ജീവിതത്തിനിടയിലും ഏവര്ക്കും ഓടാന് കഴിയുമെന്ന് അദ്ദേഹം പൊതുജനങ്ങളെ ബോധവത്കരിക്കുകയാണെന്നും ഡോ. അമാനുല്ല അഭിപ്രായപ്പെട്ടു.
യുവാക്കളും യുവ പ്രഫഷണലുകളും തൊഴിലും കായിക അഭിരുചികളും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശക്തമായ മാതൃകയാണ് ക്യാപ്റ്റന് മഹാജന് എന്നും അദ്ദേഹം പറഞ്ഞു.
ക്യാപ്റ്റന് മഹാജന് സ്മാരകഫലകവും അഭിനന്ദനപത്രവും കൈമാറിയതോടെയാണ് ചടങ്ങ് സമാപിച്ചത്. തുടര്ന്ന് നടന്ന സംവാദത്തില്, എന്ഡ്യൂറന്സ് പരിശീലനം, പ്രചോദനം, പരിമിതികളെ മറികടക്കല് തുടങ്ങിയ വിഷയങ്ങളില് ക്യാപ്റ്റന് മഹാജന് തന്റെ അനുഭവങ്ങള് പങ്കുവച്ചു.
ഓപറേഷന്സ് മാനേജര് ബിനു കുര്യാക്കോസ്, സെയില്സ് ആൻഡ് മാര്ക്കറ്റിംഗ് മാനേജര് ജോബി ജോണ്, ജീസ് ജെബി എന്നിവര് പരിപാടിക്ക് നേതൃത്വം നല്കി.
Sports
ദോഹ: അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണല് മെസി കേരളത്തിലെത്തുന്നതില് വീണ്ടും അനിശ്ചിതത്വം. മാര്ച്ച് വിന്ഡോയില് ഖത്തറിലാകും അര്ജന്റീനയുടെ മത്സരങ്ങള് എന്നാണ് വിവരം. മാര്ച്ചില് ഉറപ്പായും കേരളത്തില് എത്തുമെന്ന് അര്ജന്റീന പ്രതിനിധികള് അറിയിച്ചെന്നാണ് നേരത്തെ കായികമന്ത്രി വി. അബ്ദുറഹിമാന് പറഞ്ഞത്.
ദോഹ വേദിയായ ഖത്തര് ഫുട്ബോള് ഫെസ്റ്റിവലിന്റെ ഭാഗമായാണ് അര്ജന്റീനയുടെ മത്സരങ്ങള്. മാര്ച്ച് 26നും 31നും ഇടയിലാണ് അർജന്റീന ടീമിന്റെ മത്സരങ്ങൾ. 2022ല് അര്ജന്റീന ലോകകിരീടം ഉയര്ത്തിയ ലുസൈല് സ്റ്റേഡിയത്തില് തന്നെയാകും മത്സരങ്ങള്.
മാര്ച്ച് 27ന് നടക്കുന്ന ആദ്യപോരാട്ടത്തിൽ സ്പെയിൻ ആണ് അര്ജന്റീനയുടെ എതിരാളികൾ. 31ന് ആതിഥേയരായ ഖത്തറിനെ നേരിടും. ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ സൗദി അറേബ്യ, ഈജിപ്ത് ടീമുകള്ക്കൊപ്പം സെര്ബിയയും ഖത്തര് ഫുട്ബോള് ഫെസ്റ്റിവലിന്റെ ഭാഗമാകും.
NRI
ദോഹ: കടലിൽ മീൻ പിടിക്കാനിറങ്ങിയ രണ്ട് മലയാളികള് ഖത്തറിൽ മുങ്ങിമരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി ജിത്തു അനിൽ മാത്യു (30), കൊല്ലം കരുനാഗപ്പള്ളി സ്വദേശി കനേഷ് കാർത്തികേയൻ (35) എന്നിവരാണ് മരിച്ചത്.
ഇന്ലാന്റ് സീയിലാണ് ഇരുവരും സുഹൃത്തുക്കള്ക്കൊപ്പം മീന് പിടിക്കാനിറങ്ങിയത്. എന്നാല് അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയായിരുന്നു.
അടൂർ ചൂരക്കോട് കീഴതിൽ പുത്തൻവീട്ടിൽ അനിൽമോൻ മാത്യു - ജോയമ്മ ദമ്പതികളുടെ മകനാണ് ജിത്തു. ഭാര്യ: നികിത പി. ജോസഫ്.
കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പാണ്ടിത്തറയിൽ കാർത്തികേയൻ - ബേബി ദമ്പതികളുടെ മകനാണ് കനേഷ്. ഭാര്യ: അശ്വതി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തോൽവിയെ ഖത്തർ ലോകകപ്പിൽ ജേതാക്കളായ അർജന്റീനയുടെ പ്രകടനത്തോട് ഉപമിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം തോറ്റപ്പോൾ അർജന്റീനയെ എല്ലാവരും വിമർശിച്ചു. എന്നാൽ പിന്നീട് അവർ കിരീടം നേടുന്നതാണ് ലോകം കണ്ടതെന്നും ബേബി പറഞ്ഞു. അതുപോലെ ഇടതുമുന്നണിയും തിരിച്ചുവരുമെന്ന് ബേബി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിൽ തെറ്റുക്കാർക്കെതിരെ പാർട്ടി നടപടിയെടുക്കുമന്നും സിപിഎം എം.എ.ബേബി വ്യക്തമാക്കി. പോറ്റി പാരഡി മ്ലേച്ഛമെന്നും എംഎ ബേബി അഭിപ്രായപ്പെട്ടു.
സോണിയ ഗാന്ധിക്ക് നേരെ വിരൽ ചൂണ്ടാനില്ലെന്ന് വ്യക്തമാക്കിയ ബേബി പക്ഷേ പോറ്റി എങ്ങനെ അവിടെയെത്തിയെന്നും ചോദിച്ചു. വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശവുമായി ബന്ധപ്പെട്ട് അസ്വീകാര്യമായതിനെ തള്ളുമെന്നാണ് ബേബി പ്രതികരിച്ചത്.
NRI
ദോഹ: പ്രവാസ ലോകത്തെ മുതിര്ന്ന മാധ്യമ പ്രവര്ത്തകനും ഖത്തറിലെ പ്രമുഖ അഡ് വര്ട്ടൈസിംഗ് ആൻഡ് ഇവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ലസ് സിഇഒയുമായ ഡോ. അമാനുല്ല വടക്കാങ്ങരയ്ക്ക് മലയാളി ഫെസ്റ്റിവല് ഫെഡറേഷന്റെ ഗ്ലോബല് രത്ന അവാര്ഡ്.
വിവിധ ഭാഷകളിലായി 100 പുസ്തകങ്ങള് പ്രസിദ്ധീകരിച്ച ആദ്യ പ്രവാസി മലയാളിയെന്നത് പരിഗണിച്ചാണ് അമാനുല്ല വടക്കാങ്ങരയെ അവാര്ഡിന് തെരഞ്ഞെടുത്തത്.
വെള്ളിയാഴ്ച കൊച്ചി ക്രൗണ് പ്ലാസ ഹോട്ടലില് നടക്കുന്ന പ്രഥമ ഗ്ലോബല് മലയാളി ഫെസ്റ്റിവലില് വെച്ച് പുരസ്കാരം സമ്മാനിക്കും.
NRI
ദോഹ: ഖത്തറിലെ പ്രമുഖ അഡ്വർട്ടെെസിംഗ് ആൻഡ് ഇവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ചഖത്തര് ബിസിനസ് കാര്ഡ് ഡയറക്ടി പത്തൊമ്പതാം പതിപ്പിന്റെ ഓണ്ലൈന് എഡിഷനും മൊബൈല് ആപ്ലിക്കേഷനും പുറത്തിറക്കി.
ഇന്ത്യന് കോഫി ഹൗസില് നടന്ന ചടങ്ങില് ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വ്യാപാര മേഖലയിലെ പ്രമുഖര് സംബന്ധിച്ചു. ഓണ്ലൈന് എഡിഷന് കെബിഎഫ് ജനറല് സെക്രട്ടറി അബ്ദുല് ഗഫൂര് പുതുക്കുടിയാണ് പ്രകാശനം ചെയ്തത്.
മൊബൈല് ആപ്ലിക്കേഷന് ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഖത്തര് മലയാളി ഇന്ഫ്ലുവന്സേര്സ് അധ്യക്ഷ ലിജി അബ്ദുല്ല, അല് സുവൈദ് ഗ്രൂപ്പ് ഡയറക്ടര് ഫൈസല് റസാഖ്, ദ വേ കോര്പറേറ്റ് മാനേജിംഗ് ഡയറക്ടര് ഉവൈസ് എന്നിവര് ചേര്ന്ന് പ്രകാശനം ചെയ്തു.
Sports
ദോഹ: പെനാൽറ്റി ഷൂട്ടൗട്ടിൽ അഞ്ചിൽ നാലും തടുത്ത റഷ്യൻ ഗോൾകീപ്പർ മാറ്റ്വി സഫോനോവിന്റെ ഹീറോയിസത്തിൽ 2025 ഇന്റർകോണ്ടിനെന്റൽ കപ്പ് കിരീടം ഉയർത്തി പാരീസ് സെന്റ് ജർമെയ്ൻ.
1-1 സമനിലയിൽ അവസാനിച്ച മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയതോടെ പിഎസ്ജി 2-1ന് ഫ്ലെമെംഗോയെ പരാജയപ്പെടുത്തുകയായിരുന്നു.ഖത്തറിലെ അൽ-റയ്യാൻ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
2025 കലണ്ടർ വർഷം ആറ് ട്രോഫികളുമായി അവസാനിപ്പിച്ച ലൂയിസ് എൻറിക്വയുടെ ടീം ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് ക്ലബ്ബായി മാറി. ട്രോഫി ഡെസ് ചാന്പ്യൻസ്, ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് കപ്പ്, ചാന്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, ഇന്റർകോണ്ടിനെന്റൽ കപ്പ് എന്നിങ്ങനെയാണ് ആറ് കിരീട നേട്ടം.
ക്വിച്ച ക്വാററ്റ്സ്ഖേലിയയും ജോർജീഞ്ഞോയും ഇരു ടീമിനുമായി ഓരോ ഗോൾ നേടിയതോടെ മത്സരം നിശ്ചിത സമയത്ത് 1-1 സമനിലയിൽ അവസാനിച്ചു.
ഇതോടെ മത്സരം അരമണിക്കൂർ അധിക സമയത്തേക്കു നീണ്ടു. തുല്ല്യത തുടർന്നതോടെ പെനാൽറ്റിയിലൂടെ വിജയിയെ നിർണയിക്കുകയായിരുന്നു.
NRI
പെരിന്തല്മണ്ണ: ഖത്തറിലെ പ്രമുഖ അഡ്വർട്ടൈസിംഗ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഖത്തര് ബിസിനസ് കാര്ഡ് ഡയറക്ടറി ഇന്തോ ഗള്ഫ് ബിസിനസിന്റെ ശക്തമായ പാലമാണെന്ന് ഗ്രീന് ജോബ്സ് ചെയര്മാന് ഷാനു ഗ്രീന് ജോബ്സ്.
പെരിന്തല്മണ്ണ ഗ്രീന് ഹോസ്പിറ്റാലിറ്റിയില് നടന്ന ചടങ്ങില് ഖത്തര് ബിസിനസ് കാര്ഡ് ഡയറക്ടറിയുടെ കേരളത്തിലെ പ്രകാശനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറിലെ വിവിധ ബിസിനസ് സംരംഭകരുടെ ഡാറ്റകളാല് സമ്പന്നമായ ഡയറക്ടറി ഏത് ബിസിനസുകാര്ക്കും പ്രയോജനകരമാണെന്ന് അദ്ദേഹം പറഞ്ഞു. അയ്ദി ഗ്ലോബലൈസേഷന് മാനേജിംഗ് ഡയറക്ടര് മുഹമ്മദ് ഷാനിര് മാലി ഡയറക്ടറിയുടെ ആദ്യ കോപ്പി ഏറ്റുവാങ്ങി.
ഏത് തരം ബിസിനസുകളേയും ബന്ധിപ്പിക്കുന്ന റെഡി ഗൈഡ് എന്ന നിലയ്ക്ക് ഏറെ പ്രയോജനകരമായ പ്രസിദ്ധീകരണമാണ് ഖത്തര് ബിസിനസ് കാര്ഡ് ഡയറക്ടറി എന്നത് കഴിഞ്ഞ മൂന്ന് വര്ഷത്തെ തന്റെ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.
ബിഎന്ഐ ഇന്സ്പെയര് ചാപ്റ്റര് പ്രസിഡന്റ് അമീന് ചുണ്ടയില്, വൈറ്റ് മാര്ട്ട് മങ്കട ജനറല് മാനേജര് ജൗഹറലി തങ്കയത്തില് എന്നിവര് സംസാരിച്ചു.
റിയല് പ്രോപ്പര്ട്ടി മാനേജ്മെന്റ് കമ്പനി മാനേജിംഗ് ഡയറക്ടര് അനസ്, എന് കംഫര്ട്ട് ഹോസ്പിറ്റാലിറ്റി മാനേജര് റഹീം, ലി അര്ജാന് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര് ഡോ. അബ്ദുല് അസീസ് പകിടേരി, വെസ്റ്റേണ് ഗാട്സ് ട്രാവല് നെറ്റ് വര്ക് ഡയറക്ടര് റാഷിദ് കണ്ണത്തയില്, ഗന്ധുര പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര് ഇജാസ് അഹ്മദ് എന്നിവര് ചടങ്ങില് വിശിഷ്ടാതിഥികളായിരുന്നു.
മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. പുസ്തക രൂപത്തിലും ഓണ്ലൈനിലും മൊബൈല് ആപ്ലിക്കേഷനിലും ഡയറക്ടറി ലഭ്യമാണെന്നും www.qatarcontact.com എന്ന വിലാസത്തില് ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഡയറക്ടറി പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
NRI
ദോഹ: ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ഷെയ്ഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ പ്രഫലൈറ്റ് പ്രഫഷണൽ കോൺഫറൻസ് സംഘടിപ്പിക്കുന്നു.
പ്രഫഷണൽ ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ നൽകുന്ന പിരിമുറുക്കങ്ങളിക്കിടയിൽ വ്യക്തി ജീവിതത്തിലെ മൂല്യങ്ങൾ നിലനിർത്താനാവശ്യമായ പാഠങ്ങൾ പകർന്നു നൽകുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം.
വ്യാഴാഴ്ച രാത്രി ഏഴിന് ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വിഐപി റിക്രീയേഷൻ ഹാളിൽ വച്ചാണ് പ്രഫഷണൽ കോൺഫറൻസ് സംഘടിപ്പിച്ചിട്ടുള്ളത്.
പ്രമുഖ പ്രഭാഷകൻ താജുദ്ദീൻ സ്വലാഹി പരിപാടിയിൽ "എഐ കാലഘട്ടത്തിലെ നൈതിക നിലപാടുകൾ' എന്ന വർത്തമാന കാലത്തെ മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
കൃത്രിമ ബുദ്ധിയുടെ വേഗത്തിലുള്ള വളർച്ച തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക ബന്ധങ്ങൾ തുടങ്ങി അനവധി മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
എന്നാൽ, ഈ സാങ്കേതിക പുരോഗതി മനുഷ്യന്റെ മൂല്യങ്ങളും മതാധിഷ്ഠിതമായ ഉത്തരവാദിത്വങ്ങളും സംരക്ഷിക്കപ്പെടുന്ന രീതിയിൽ മുന്നോട്ട് കൊണ്ടുപോകേണ്ടത് അത്യാവശ്യമാണ്.
സ്വകാര്യത, നീതി, ഉത്തരവാദിത്വം, മനുഷ്യകേന്ദ്രിത സമീപനം എന്നിവ ഉറപ്പാക്കുന്ന നൈതിക നിലപാടുകൾ സ്വീകരിക്കുമ്പോഴാണ് എഐ കാലഘട്ടം മനുഷ്യർക്കു അനുഗ്രഹകരമാകുന്നത്.
പ്രവാസജീവിതത്തിൽ പ്രഫഷണലുകൾക്ക് ഇത്തരം ചിന്തകൾ ഏറെ പ്രസക്തമാണ്, കാരണം സാങ്കേതിക വിദ്യയുടെ വെല്ലുവിളികളെ നേരിടുമ്പോൾ മതമൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്വങ്ങളും ചേർന്നുള്ള സമീപനമാണ് ജീവിതത്തെ സമാധാനകരവും സമൃദ്ധവുമാക്കുന്നത്.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും 6000 4485 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
NRI
ദോഹ: ഖത്തറിലെ പ്രമുഖ അഡ്വര്ട്ടൈസിംഗ് ആൻഡ് ഇവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഖത്തര് ബിസിനസ് കാര്ഡ് ഡയറക്ടറി ഖത്തറിലെ ബിസിനസ് നെറ്റ്വര്ക്കിന്റെ വഴികാട്ടിയാണെന്ന് കെബിഎഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി.
ഏത് തരം ബിസിനസുകളേയും ബന്ധിപ്പിക്കുന്ന റെഡി ഗൈഡ് എന്ന നിലയ്ക്ക് ഏറെ പ്രയോജനകരമായ പ്രസിദ്ധീകരണമാണിത്. ദോഹയിലെ സിഗ്നേച്ചര് ബൈ മര്സയില് നടന്ന ചടങ്ങില് ഡയറക്ടറിയുടെ പത്തൊമ്പതാമത് പതിപ്പ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡ്രസ് ഗേറ്റ് വേ മാനേജിംഗ് ഡയറക്ടര് ഷംസീര് ഹംസ ആദ്യ പ്രതി ഏറ്റുവാങ്ങി. ദ വേ കോര്പറേറ്റ് സര്വീസസ് മാനേജിംഗ് ഡയറക്ടര് ഉവൈസ്, ദോഹ ബ്യൂട്ടി സെന്റര് മാനേജിംഗ് ഡയറക്ടര് ഡോ. ഷീല ഫിലിപ്പ്, അക്കോണ് പ്രിന്റിംഗ് പ്രസ്സ് ഡയറക്ടര് ജലീല് പുളിക്കല്, അക്കോണ് പ്രോപ്പര്ട്ടീസ് സിഒഒ ആഷിഖ് ഷബീര് എന്നിവര് സംസാരിച്ചു.
മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ജനറല് മാനേജര് ഷറഫുദ്ധീന്, ഓപറേഷന്സ്മാനേജര് റഷീദ പുളിക്കല്, മാര്ക്കറ്റിംഗ് മാനേജര് മുഹമ്മദ് റഫീഖ്, ആബിദ്, അബ്ദുല് സമദ്, നിഷാദ് എന്നിവര് നേതൃത്വം നല്കി.
NRI
ദോഹ: ഖത്തര് ഇന്ത്യന് ഫുട്ബോള് ഫോറത്തിന്റെ ഖിഫ് സീസണ് 16 സൂപ്പര് കപ്പ് 2025 ലോഞ്ചിംഗ് ചടങ്ങ് ശ്രദ്ധേയമായി. നിരവധി ഖത്തരി പ്രമുഖരുടെയും ഇന്ത്യന് കമ്യൂണിറ്റി നേതാക്കളുടെയും സാന്നിധ്യത്തില് ദോഹ ഷെറോട്ടന് ഹോട്ടലില് നടന്ന ചടങ്ങില് ഖിഫ് സീസണ് 16 സൂപ്പര് കപ്പ് 2025 ലോഞ്ചിംഗ് ഫിഫ ടെക്നിക്കല് കമ്മിറ്റി മുന് ചെയര്മാനും ഏഷ്യന് ഫുട്ബോള് കോണ്ഫെഡറേഷന്റെ (എഎഫ്സി) മുന് പ്രസിഡന്റുമായ മുഹമ്മദ് ബിന് ഹമാം നിര്വഹിച്ചു.
ഖത്തര് ഫുട്ബോള് അസോസിയേഷന് (ക്യുഎഫ്എ) ജനറല് സെക്രട്ടറി മന്സൂര് മുഹമ്മദ് അല് അന്സാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങില് മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് ഖത്തറിലെ ഇന്ത്യന് അംബാസഡര് വിപുല് സൂപ്പര് കപ്പ് ട്രോഫി സദസിനു മുന്നില് അനാച്ഛാദനം ചെയ്തു.
ഖിഫ് ടൂര്ണമെന്റിന്റെ സംഘാടനത്തെ അഭിനന്ദിച്ചു കൊണ്ടും എല്ലാവിധ പിന്തുണയും അറിയിച്ചു കൊണ്ടുമാണ് ക്യുഎഫ്എ സെക്രട്ടറിയും ഇന്ത്യന് അംബാസിഡറും ചടങ്ങില് സംസാരിച്ചത്. ഖിഫ് മുന് പ്രസിഡന്റ് പരേതനായ കെ. മുഹമ്മദ് ഈസയ്ക്ക് ആദരാജ്ഞലികള് അര്പ്പിച്ചുകൊണ്ടും പ്രാര്ഥിച്ചു കൊണ്ടുമാണ് ലോഞ്ചിംഗ് ചടങ്ങിന് തുടക്കം കുറിച്ചത്.
ഖത്തര് ധനകാര്യ മന്ത്രാലയത്തിന്റെ മുന് ജോയിന്റ് സെക്രട്ടറി അഹമ്മദ് അലി ബൂകഷീഷ, ആഭ്യന്തര മന്ത്രാലയത്തിലെ സീനിയര് ഓഫീസര് ഹസ്സന് അല് ഖലീഫ, ഖത്തര് ഫുട്ബോള് അസോസിയേഷന് (ക്യുഎഫ്എ) മാര്ക്കറ്റിംഗ് ഡയറക്ടര് ഖാലിദ് മുബാറക് അല് കുവാരി തുടങ്ങിയ വിശിഷ്ട വ്യക്തികള് ഖിഫ് ലോഞ്ചിംഗ് വേദിയെ ധന്യമാക്കി.
ഖിഫ് പ്രസിഡന്റ് ഷറഫ് ഹമീദ് ചടങ്ങില് അധ്യക്ഷത വഹിച്ചു. ഖിഫിന്റെ എല്ലാ പങ്കാളികള്ക്കും സഹകാരികള്ക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. അതിഥികള്ക്കും സദസിനും നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഖിഫ് ജനറല് സെക്രട്ടറി ആഷിഖ് അഹ്മദ് സംസാരിച്ചു.
ചടങ്ങിന്റെ രണ്ടാം സെഷനില് ടീമുകളുടെ മത്സര ഷെഡ്യൂള് നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. കാസര്ഗോഡ്, കണ്ണൂര്, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്, എറണാകുളം ജില്ലാ ടീമുകളും തെക്കന് ജില്ലകളെ പ്രതിനിധീകരിക്കുന്ന ട്രാവന്കൂര് എഫ്സിയുമാണ് ടൂര്ണമെന്റില് മാറ്റുരയ്ക്കുന്ന ടീമുകള്.
ഖിഫ് വൈസ് പ്രസിഡന്റ് ഷമീന് മുഹമ്മദ് ടീം നറുക്കെടുപ്പിന് നേതൃത്വം നല്കി. നിരവധി ഖത്തരി പ്രമുഖര്ക്ക് പുറമെ ഇന്ത്യന് സംഘടനകളുടെ നേതാക്കള്, ഫുട്ബോള് ടീം മാനേജര്മാര്, ടൂര്ണമെന്റ് സ്പോണ്സര്മാര് എന്നിവരുടെയും സാന്നിധ്യം ചടങ്ങിനെ ഗംഭീരവും അവിസ്മരണീയവുമാക്കി മാറ്റി.
ചടങ്ങില് ലുലു ഇന്റര്നാഷണലിന്റെ ഗ്രൂപ്പ് ഡയറക്ടര് ഡോ. മുഹമ്മദ് അല്താഫിനെ ഖിഫ് സീസണ് 16ന്റെ മുഖ്യരക്ഷാധികാരിയായി പ്രഖ്യാപിച്ചു. ഖത്തര് ഇന്ത്യന് ഫുട്ബോള് ഫോറം രണ്ട് പതിറ്റാണ്ടോളമായി ദോഹയില് പ്രവാസികള്ക്കായുള്ള ഫുട്ബോള് കായിക മേളകള് സംഘടിപ്പിച്ചു കൊണ്ട് സജീവമായി നിലകൊള്ളുന്നു.
സംഘടനകള് തമ്മില് മത്സരിക്കുന്ന ഫുട്ബോള് മേളകള് സംഘടിപ്പിക്കുന്നതിലൂടെ ഖത്തറിലെ ഇന്ത്യന് പ്രവാസികള്ക്കിടയില് കായികക്ഷമത, സാംസ്കാരിക ഐക്യം, സംഘടനാ സൗഹൃദം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന വേദിയായി ഖിഫ് ഇതിനകം മാറിക്കഴിഞ്ഞു.
ഇന്ത്യന് എംബസിയുടെ മേൽനോട്ടത്തിലും ഖത്തര് ഫുട്ബോള് അസോസിയേഷന്റെ പിന്തുണയോടെയുമാണ് കഴിഞ്ഞ 15 സീസണുകള് ഖിഫ് വിജയകരമായി സംഘടിപ്പിച്ചത്.
ഫുട്ബോള് അഭിനിവേശത്തിന്റെയും സാംസ്കാരിക സൗഹൃദത്തിന്റെയും സന്ദേശം ഉദ്ഘോഷിച്ചുകൊണ്ട് സീസണ് 16 ദോഹ സ്റ്റേഡിയത്തില് അരങ്ങേറാന് ഇനി ദിവസങ്ങള് മാത്രം ബാക്കി.
NRI
കോട്ടയം: മേവട പുളിക്കൽ രജീഷ് മാത്യുവിന്റെ മകൾ സേറ മരിയ രജീഷ് (14) ഖത്തറിൽ അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ഭവനത്തിലാരംഭിച്ച് മുത്തോലി സെന്റ് ജോർജ് പള്ളിയിൽ.
അമ്മ ദീപ്തി രജീഷ് പയസ് മൗണ്ട് ഇളംബ്ലാശേരിൽ കുടുംബാംഗം. സഹോദരങ്ങൾ: മാത്യു, നോറ.
NRI
ദോഹ: മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിലെത്തി. ഖത്തർ സമയം രാവിലെ ആറിന് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ ഖത്തറിലെ ഇന്ത്യൻ അംബാസഡ വിപുൽ, എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, പ്രവാസി സംഘടനാ നേതാക്കൾ എന്നിവർ സ്വീകരിച്ചു.
മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോർക്ക ഉദ്യോഗസ്ഥർ തുടങ്ങിയവർ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. വൈകുന്നേരം ആറിന് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മലയാളോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ഖത്തർ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി ഷറാട്ടന് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ വ്യാപാര, വാണിജ്യ പ്രമുഖരും വിവിധ സംഘടനാ ഭാരവാഹികളുമായും സംവദിക്കും.
International
ദോഹ: മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിലെത്തി. ഖത്തർ സമയം രാവിലെ ആറു മണിക്ക് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ ഖത്തറിലെ ഇന്ത്യൻ അംബാസഡ വിപുൽ, എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, പ്രവാസി സംഘടനാ നേതാക്കൾ എന്നിവർ സ്വീകരിച്ചു.
മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, നോർക്ക ഉദ്യോഗസ്ഥർ തുടങ്ങിയവർ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. വൈകുന്നേരം ആറുമണിക്ക് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മലയാളോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ഖത്തർ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി ഷറാട്ടന് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ വ്യാപാര, വാണിജ്യ പ്രമുഖരും വിവിധ സംഘടനാ ഭാരവാഹികളുമായും സംവദിക്കും.
NRI
ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ മമ്പറം സ്വദേശി സഫ്വാൻ നാസർ(22) ആണ് മരിച്ചത്.
വി.കെ. നാസറിന്റെയും സെറൂജയുടെയും മകനാണ്. സഹോദരങ്ങൾ: സിനാൻ (ഖത്തർ), മുഹമ്മദ് സിദാൻ.
മൃതദേഹം നാട്ടിലെത്തിച്ച് പിന്നീട് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
NRI
കയ്റോ: ഖത്തറിലെ പരമോന്നത ഭരണസമിതിയായ അമീറി ദിവാനിൽ അംഗങ്ങളായ മൂന്ന് ഉദ്യോഗസ്റ്റർ ഈജിപ്തിലെ ഷാം എൽ ഷേഖിനടുത്ത് കാറപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച കാർ വളവിൽവച്ച് മറിഞ്ഞുവെന്നാണു റിപ്പോർട്ട്. മറ്റു രണ്ടു പേർക്കു പരിക്കേറ്റു.
ഷാം എൽ ഷേഖിലെ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ചർച്ചയ്ക്കു മധ്യസ്ഥത വഹിച്ച രാജ്യങ്ങളിലൊന്ന് ഖത്തർ ആയിരുന്നു. ഗാസയുടെ ഭാവി സംബന്ധിച്ച സുപ്രധാന ഉച്ചകോടി ഇന്ന് ഷാം എൽ ഷേഖിൽ നടക്കും.
International
കയ്റോ: ഗാസയില് ഹമാസ്-ഇസ്രയേൽ വെടിനിർത്തൽ കരാർ അന്തിമ ചർച്ചകൾക്കായി ഈജിപ്തിലേക്ക് തിരിച്ച ഖത്തർ നയതന്ത്രജ്ഞർ വാഹനാപകടത്തിൽ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിലേക്ക് പോകുന്നതിനിടെയാണ് അപകടം.
ഖത്തർ പ്രോട്ടോക്കോൾ ടീമിൽ നിന്നുള്ളവരായിരുന്നു നയതന്ത്രജ്ഞർ. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന് അന്തിമരൂപം നൽകാനുള്ള ഉച്ചകോടിക്ക് മുന്നോടിയായുള്ള യാത്രയിലായിരുന്നു ഇവരെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വ്യവസ്ഥ പ്രകാരം നാളെയാണു മോചനം തുടങ്ങേണ്ടത്. 2023 ഒക്ടോബർ ഏഴിനു ഹമാസ് പിടികൂടി ബന്ദികളാക്കിയവരെയും ഇസ്രയേൽ ജയിലിൽ അടച്ച പലസ്തീൻ തടവുകാരെയുമാണ് കൈമാറുന്നത്.
NRI
ദോഹ: ഖത്തറിലെ കോട്ടയം നിവാസികളുടെ സംഘടനയായ അക്ഷര നഗരി അസോസിയേഷന്റെ ഓണാഘോഷം "അക്ഷരനഗരിയുടെ പൊന്നോണം 2K5' ഒലിവ് ഇന്റർനാഷണൽ സ്കൂൾ തുമാമ ക്യാമ്പസിൽ സംഘടിപ്പിച്ചു.
അക്ഷരനഗരി അസോസിയേഷൻ പ്രസിഡന്റ് വർഗീസ് വന്നല എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. ഈഷ് സിംഗാൾ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ടി. ബാവ, ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, ഒലിവ് ഇന്റർനാഷണൽ സ്കൂൾ ഡയറക്ടർ ജീസ് ജോസഫ്, ദോഹ സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളി വികാരി റവ. ഫാ. അജു തുടങ്ങി ഒട്ടേറെ പ്രമുഖർ ആശംസ നേർന്നു.
മനോഹരമായ അവതരണത്തിലൂടെ ആർ.ജെ. ജിബിൻ ആഘോഷത്തിന് വേറിട്ടൊരു ചാരുത നൽകി. 13 വയസുകാരിയായ നഥാനിയ ലെല വിപിന്റെ പ്രസംഗം ശ്രദ്ധേയമായി. കഴിഞ്ഞ അധ്യയന വർഷം പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ അക്ഷര നഗരി ആദരിച്ചു.
കല കായിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച അംഗങ്ങളെയും പരിപാടികൾക്ക് സ്പോൺസർഷിപ് നൽകിയവരെയും വിവിധ മേഖലകളിൽ പരിപാടിക്ക് സഹായം നൽകിയവരെയും അക്ഷര നഗരി അസോസിയേഷൻ ആദരിച്ചു.
International
വാഷിംഗ്ടൺ ഡിസി: ഖത്തറിന്റെ സുരക്ഷ ഉറപ്പാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പ് വച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഏതെങ്കിലും രാജ്യം ഖത്തറിനെ ആക്രമിച്ചാൽ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞു.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി ഏതാനും ദിവസങ്ങൾക്കു ശേഷമാണ് എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടത്.
ഖത്തറിന്റെ പ്രദേശത്തിനോ പരമാധികാരത്തിനോ അടിസ്ഥാന സൗകര്യങ്ങൾക്കോ നേരെയുള്ള ഏതൊരു സായുധ ആക്രമണത്തെയും അമേരിക്കയുടെ സമാധാനത്തിനും സുരക്ഷയ്ക്കും നേരെയുണ്ടാകുന്ന ഭീഷണിയായി കണക്കാക്കുമെന്ന് എക്സിക്യൂട്ടീവ് ഉത്തരവ് ഉറപ്പുനൽകുന്നു.
"അത്തരമൊരു ആക്രമണം ഉണ്ടായാൽ, യുഎസിന്റെയും ഖത്തറിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും നയതന്ത്രപരവും സാമ്പത്തികവും ആവശ്യമെങ്കിൽ സൈനികവുമായ എല്ലാ നിയമപരവും ഉചിതവുമായ നടപടികളും അമേരിക്ക സ്വീകരിക്കും' – ട്രംപ് വ്യക്തമാക്കി.
ഖത്തറിൽ യുഎസ് സൈന്യത്തിന് താവളം ഉണ്ട്. പകരമായി ഖത്തറിന്റെ സുരക്ഷയും യുഎസ് ഉറപ്പാക്കുന്നുണ്ട്. എന്നാൽ ഇതിനെ മറികടന്നാണ് യുഎസിന്റെ സഖ്യകക്ഷിയായ ഇസ്രയേൽ ദോഹയിൽ ആക്രമണം നടത്തിയത്. ഖത്തറിന്റെ പരമാധികാരത്തെ മറികടന്ന ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കഴിഞ്ഞ ദിവസം മാപ്പു ചോദിച്ചിരുന്നു. ഖത്തർ പ്രധാനമന്ത്രിയെ വിളിച്ചാണ് നെതന്യാഹു ഖേദം പ്രകടിപ്പിച്ചത്.
NRI
ദോഹ: ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിനുനേരെ ഇറാൻ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്. ഖത്തറിലുള്ള ഇന്ത്യക്കാരോട് പുറത്ത് ഇറങ്ങരുതെന്നാണ് നിർദേശം.
അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും അധികൃതർ അറിയിച്ചു. ഖത്തറിലെ അമേരിക്കയുടെ അല്-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന് മിസൈല് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ഇറാന്റെ മിസൈല് ആക്രമണത്തെത്തുടര്ന്ന് ദോഹയില് സ്ഫോടനശബ്ദം കേട്ടതായും വാര്ത്താ ഏജന്സികള് റിപ്പോര്ട്ട് ചെയ്തു. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കുനേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് ഇറാൻ ഖത്തറിലേക്ക് മിസൈലുകൾ തൊടുത്തത്.